തൊടുപുഴ: പുതിയ ലോക്കൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി സിപിഎം ഇടവെട്ടി ലോക്കൽ സമ്മേളനത്തിൽ തർക്കവും പിന്നെ പാർട്ടിയുടെ പരമ്പരാഗത ശൈലിയിലുള്ള കയ്യാങ്കളിയും.പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ്. കൈയാങ്കളിയിൽ എത്തിയത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി, സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം അടങ്ങിയത്. എന്നാൽ, സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരാൻ പാർട്ടി നേതൃത്വം നിർദേശം നൽകി.
ശനിയാഴ്ചയാണ് ലോക്കൽ സമ്മേളനം നടത്തിയത്. പങ്കെടുത്ത 59 പ്രതിനിധികളിൽ ഭൂരിഭാഗവും പഴയ സെക്രട്ടറി തന്നെ തുടരണമെന്ന നിലപാടിലായിരുന്നു. 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. എന്നാൽ, മറ്റൊരാളെയാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ഇത് അറിഞ്ഞതോടെ പ്രതിനിധികൾ ക്ഷുഭിതരായി. ഒരു ക്ഷേമനിധി ബോർഡ് ചെയർമാനാണ് അട്ടിമറിക്ക് പിന്നിലെന്ന് ആരോപിച്ച് തർക്കമുണ്ടായി. ഇത് കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഏറെ നേരം സംഘർഷാവസ്ഥയായിരുന്നു.
ഒടുവിൽ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്നു കാട്ടി പുതിയ സെക്രട്ടറി കത്ത് നൽകി. സിപിഎം ഈസ്റ്റ് ഏരിയ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഫൈസൽ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.മേരി തുടങ്ങിയവർ സമ്മേളനത്തിൽ ഉണ്ടായിരുന്നു.
ഐകകണ്ഠേനയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തതെന്നാണ് നേതൃത്വം പറയുന്നത്. അതിനാൽത്തന്നെ പാർട്ടി കോൺഗ്രസ് കഴിയും വരെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ നിർദേശം നൽകി. സംഭവത്തേക്കുറിച്ച് പാർട്ടി അന്വേഷിക്കും.
എന്നാൽ, വിഭാഗീയ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷമുണ്ടായ ചെറിയ തർക്കം ചർച്ചചെയ്ത് പരിഹരിച്ചെന്നും തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ പറഞ്ഞു. സംഘർഷം ഉണ്ടായെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും മുഹമ്മദ് ഫൈസൽ പതിവുപോലെ അവകാശപ്പെടുകയും ചെയ്തു.
Thunderstorm in Edavetti. CPM local meeting in Thodupuzha beaten up.